Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
2 Chronicles 1
1 / 36
1
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.
2
ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും
3
സംസാരിച്ചിട്ടു ശലോമോൻ സൎവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.
4
എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിൎയ്യത്ത്-യെയാരീമിൽനിന്നു താൻ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിന്നായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
5
ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാൎത്ഥിച്ചു.
6
ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
7
അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
8
ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
9
ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‌വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
10
ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആൎക്കു കഴിയും?
11
അതിന്നു ദൈവം ശലോമോനോടു: ഇതു നിന്റെ താല്പൎയ്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീൎഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
12
ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആൎക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആൎക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു.
13
പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലിൽ വാണു.
14
ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാൎപ്പിച്ചു.
15
രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
16
ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.
17
അവർ മിസ്രയീമിൽനിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാൎക്കും അരാംരാജാക്കന്മാൎക്കും കൊണ്ടുവന്നു കൊടുക്കും.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books